മുംബൈ: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത ആര്യന് ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഒക്ടോബര്‍ എട്ട് മുതല്‍ ജയിലില്‍ കഴിയുന്ന ആര്യന്റെ ജാമ്യാപേക്ഷ രണ്ടു പ്രാവശ്യം കോടതി തള്ളിയിരുന്നു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റൊഹ്താഗിയാണ് ആര്യനു വേണ്ടി ഇന്ന് കോടതിയില്‍ വാദിക്കുക.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അതേസമയം, കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന എൻസിബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷാരൂഖ് ഖാനോട് എന്‍സിബി പണം ആവശ്യപ്പെട്ടന്നാണ് വെളിപ്പെടുത്തല്‍.
ഷാരൂഖിനോട് 25 കോടി രൂപ ചോദിച്ചെന്നും എന്നാല്‍ 18 കോടിക്ക് ഒത്തുതീര്‍പ്പാക്കാമെന്നും എന്‍സിബി പറഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്ന് കേസിലെ പ്രധാനസാക്ഷി കെ.പി. ഗോസാവി ഫോണില്‍ പറഞ്ഞതായി കേട്ടെന്ന് മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സയിൽ വെളിപ്പെടുത്തി. എന്നാൽ നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് സമീർ വാങ്കഡെ മുംബൈ പോലീസ് മേധാവിക്ക് കത്തയച്ചു. ഏജൻസിയെ അപകീർത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

